ഫിലിംഫെയർ സൗത്ത് ഇന്ത്യൻ പുരസ്കാരം നേടി മടങ്ങുന്നതിനിടയിൽ നടി ഉർവശിയോട് ചില ഓൺലൈൻ മാധ്യമങ്ങൾ ചോദിച്ച ചോദ്യവും അതിന് താരം പറഞ്ഞ മറുപടിയും ശ്രദ്ധേയമാകുന്നു.
ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് നടൻ ഇന്ദ്രജിത്തും യുവനടി ഗൗരി നന്ദയും ചേർന്നാണ് താരത്തിന് അവാർഡ് സമ്മാനിച്ചത്.
‘‘ചേച്ചിയെ പോലൊരാൾക്ക് അവാർഡ് കൊടുക്കാൻ ഗൗരി നന്ദയെ പോലൊരു നടിക്ക് യോഗ്യതയില്ലെങ്കിലും ചേച്ചി അത് പക്ഷേ സന്തോഷത്തോടെ സ്വീകരിച്ചല്ലോ’’ എന്നായിരുന്നു ഓൺലൈൻ മീഡിയയുടെ ചോദ്യം.
‘‘അങ്ങനെ അല്ലല്ലോ കാര്യം. അവർ തരുമ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത്. നമുക്ക് അങ്ങനെയൊന്നും ഇല്ല. നമുക്ക് കിട്ടുന്ന പുരസ്കാരങ്ങൾ എന്ത് തന്നെയായാലും ആ പുരസ്കാരത്തിന് ഒരു വിലയുണ്ട്. പിന്നെ അവാർഡ് തരുന്നവർ അത് എത്ര ഹൃദയപൂർവമാണ് തരുന്നത് എന്നിടത്താണ് കാര്യം.
അത് രണ്ടും തുല്യം തന്നെയാണ്. ആർട്ടിസ്റ്റ് ക്യാമറയുടെ മുന്നിൽ വന്നാൽ ആരാണ് വലുതും ചെറുതും. എല്ലാവരും നല്ലോണം പെർഫോം ചെയ്താൽ അത് ശ്രദ്ധിക്കപ്പെടും. ആ കുട്ടിയും ആർട്ടിസ്റ്റ് തന്നെയല്ലേ.’’ ഉർവശിയുടെ മറുപടി ഇങ്ങനെയായിരുന്നു.
താരത്തിന്റെ ഈ നിലപാടിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ പുരസ്കാരം സമ്മാനിച്ച നടി ഗൗരി നന്ദയും പ്രതികരണവുമായി എത്തി. ‘‘വാർത്തകൾ വളച്ചൊടിക്കാൻ നോക്കിയ ആ ചേട്ടന് എന്റെ നന്ദി’’ എന്നായിരുന്നു ഈ വീഡിയോയിൽ ഗൗരിയുടെ പരിഹാസം കലർന്ന കമന്റ്.